Chili mining accident 2010 ചിലി ഖനി ദുരന്തം 2010


തെക്കേഅമേരിക്കൻ രാജ്യമായ ചിലിയിലെ കോപ്പിയാപ്പോ എന്ന സ്ഥലത്തെ സാൻ ജോസ് ഖനിയിൽ 2010 ഓഗസ്റ്റ് 5ന് മണ്ണിടിച്ചിലിനെത്തുടർന്ന് 33 തൊഴിലാളികൾ അകത്തു കുടുങ്ങിപ്പോകുകയുണ്ടായി. 69 ദിവസം ഖനിയിൽ കുടുങ്ങിയ തൊഴിലാളികളെ മുഴുവനും 2010 ഒക്ടോബർ 13-ന് അതിസാഹസികമായി രക്ഷപെടുത്തി. ആദ്യത്തെ തൊഴിലാളി ഖനിയിൽനിന്ന് ജീവനോടെ പുറത്തെത്തുമ്പോൾ ചിലിയിലെ സമയം അർദ്ധരാത്രി 12.10 (ഇന്ത്യൻ സമയം ഒക്ടോബർ 13 രാവിലെ 8.40). ഏതാണ്ട് 22 മണിക്കൂറോളം നീണ്ടുനിന്ന ലോകശ്രദ്ധ പിടിച്ചുപറ്റിയ രക്ഷാപ്രവർത്തനം രാത്രി 9.55-ന് (ഇന്ത്യൻ സമയം ഒക്ടോബർ 14-ന് രാവിലെ 6.25) അവസാനത്തെ തൊഴിലാളിയെയും രക്ഷപ്പെടുത്തിയശേഷം അവസാനിച്ചു.

ചിലിയിലെ സാൻജോസിൽ അറ്റക്കാമ മരുഭൂമിയിലാണ് ഈ ഖനി. വടക്കൻ ചിലിയിൽ കോപ്പിയാപ്പോയ്ക്ക് വടക്ക് 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഖനി മുമ്പും അപകടങ്ങൾക്ക് സാക്ഷിയാകുകയും അത്തരമൊരു അപകടത്തെത്തുടർന്ന് ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. . ഖനിയുടെ പ്രവേശനകവാടം തകർന്നതിനെത്തുടർന്ന് ഭൂനിരപ്പിൽ നിന്നും 2,041 അടി താഴെയാണ് തൊഴിലാളികൾ അകപ്പെട്ടത്. ദുരന്തമുണ്ടായിപതിനേഴ് ദിവസത്തിനു ശേഷമാണ് ഉള്ളിലെ സുരക്ഷാ അറയിൽ അവരെല്ലാവരും ജീവനോടെയുണ്ടെന്നറിഞ്ഞതോടെ ചിലി രക്ഷാദൗത്യം ആരംഭിക്കുകയായിരുന്നു.

ഫിനിക്സ് എന്ന പ്രത്യേകം തയ്യാറാക്കിയ പേടകം തുരങ്കത്തിലൂടെ ഖനിയിലേക്ക് കടത്തിവിട്ടുകൊണ്ട് ഖനിതൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഒക്ടോബർ 12-ന് രാത്രി 11.55-നാണ് (ഇന്ത്യൻ സമയം ഒക്ടോബർ 13-ന് രാവിലെ 8.25) തുടങ്ങിയത്. 16 മിനിറ്റിനുശേഷം ഫ്ളോറൻസിയോ അവാലോസ് എന്ന ആദ്യത്തെ തൊഴിലാളിയുമായി ഫിനിക്സ് തിരിച്ചെത്തി.  തുടർന്നുള്ള 22 മണിക്കൂറിനുള്ളിൽ ഖനിയിൽക്കുടുങ്ങിയ 33 തൊഴിലാളികളെയും രക്ഷപ്പെടുത്തി. പിന്നീട് ഇവരെയെല്ലാവരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ എല്ലാവരും പൂർണ്ണ ആരോഗ്യവാന്മാരാണെന്നും അതിവേഗത്തിൽത്തന്നെ പഴയ ആരോഗ്യനില വീണ്ടെടുക്കുമെന്നും വ്യക്തമായി. ഒരു തൊഴിലാളിക്ക് ന്യൂമോണിയ പിടിപെട്ടിട്ടുണ്ട്. മറ്റു ചിലർക്ക് പല്ലിനും കണ്ണിനും ചെറിയ പരിക്കുകളുണ്ട്.

ഇരുപതാം നൂറ്റാണ്ടിൽ വികസിച്ച ചെമ്പ് ഖനനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ചിലി. ഇതിനെത്തുടർന്ന് ചെമ്പുല്പാദനത്തിൽ മുൻപന്തിയിലെത്താനും ചിലിക്ക് സാധിച്ചു. എന്നാൽ ഖനിയിലെ സുരക്ഷാസംവിധാനങ്ങൾ പലപ്പോഴും വലിയ ദുരന്തങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. 2000-നുശേഷം ഓരോ വർഷവും 34 പേരെങ്കിലും ചിലിയിൽ ഖനിയപകടങ്ങളിൽ മരിക്കുന്നുണ്ടെന്നാണ് സെർഗ്നാജിയോമിൻ എന്ന ഏജൻസി നടത്തിയ കണക്കെടുപ്പിൽ വ്യക്തമാകുന്നത്. 2008-ൽ മാത്രം 48 പേർ ഇങ്ങനെ മരിച്ചിരുന്നു.‌

കോപ്പിയാപ്പോയിൽ അപകടത്തിനിരയായ ഖനി എംപ്രെസാ മിനേറ സാൻ എസ്റ്റെബാൻ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. സുരക്ഷാസംവിധാനമൊരുക്കുന്നതിൽ പലപ്പോഴും ഈ കമ്പനി പരാജയപ്പെട്ടിട്ടുണ്ട്. അതുവഴി ഒട്ടേറെ അപകടങ്ങൾക്ക് വഴിമരുന്നിടുകയും ഖനിതൊഴിലാളികൾ മരണത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു.2004-2010 കാലയളവിനുള്ളിൽ മാത്രം സുരക്ഷാനിർദ്ദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് 42 തവണ കമ്പനിക്ക് പിഴയടക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്. 2007-ൽ ഖനിയിലുണ്ടായ ഒരപകടത്തെതുടർന്ന് ഒരു തൊഴിലാളി മരിച്ചപ്പോൾ ബന്ധുക്കൾ നിയമപരമായി നേരിടുകയും ഖനി അടച്ചിടുകയും ചെയ്തു. പിന്നീട് 2008-ൽ എല്ലാ നടപടിക്രമങ്ങളും കാറ്റിൽപറത്തിക്കൊണ്ട് ഖനി വീണ്ടും തുറക്കുകയായിരുന്നു. ഈ പ്രശ്നം ഇപ്പോൾ അന്വേഷണത്തിലാണെന്നാണ് സെനറ്റർ ബാൽദോ പ്രൊക്കൂറിക്ക മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.ചെലവ് ചുരുക്കന്നതിന്റെ ഭാഗമായി അറ്റക്കാമ മേഖലയിലെ 884 ഖനികളിലൊട്ടാകെ മൂന്ന് ഇൻസ്പെക്ടർമാരെ മാത്രമേ നിയോഗിച്ചിരുന്നുള്ളൂ.

തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്ന തൊഴിലാളികളാണ് ചിലിയിലെ ചെമ്പ് ഖനിയിൽ പ്രവർത്തിക്കുന്നത്.ഈ അപകടത്തെത്തുടർന്ന് ചിലിയിലെ ഖനിയിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയരുന്നുണ്ട്. എങ്കിലും സർക്കാരിന്റെയും ബഹുരാഷ്ട്ര കമ്പനികളുടെയും ഉടമസ്ഥതയിലുള്ള ഖനികളിൽ താരതമ്യേന അപകടങ്ങൾ കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.പക്ഷേ സാൻജോസെ പോലുള്ള ചെറിയ ഖനികൾ സുരക്ഷാസംവിധാനങ്ങളുടെ അപര്യാപ്തത കൊണ്ട് കുപ്രസിദ്ധി നേടുകയും ചെയ്തിട്ടുണ്ട്.
ഈ സുരക്ഷാപ്രശ്നങ്ങൾ മറികടക്കാനെന്നോണം ഇവിടത്തെ തൊഴിലാളികൾക്ക് മറ്റു ഖനികളിലേക്കാൾ 20 ശതമാനം കൂടുതൽ വേതനമാണ് നൽകിവരുന്നത്.

Share this

Related Posts

Previous
Next Post »