പടിഞ്ഞാറൻ ശാന്തസമുദ്രത്തിൽസ്ഥിതിചെയ്യുന്ന് ഈ കിടങ്ങിന് പരമാവധി 36198 അടി (11033 മീറ്റർ) ആഴമുണ്ട്. പരമാവധി ആഴത്തോടുകൂടിയ ഭൂമിയുടെ ഉപരിതലത്തിലുള്ള ഏറ്റവും താഴ്ന്ന പ്രദേശമാണിത്. ശാന്തസമുദ്രത്തിലെദ്വീപുകളായ ഗ്വാം, മരിയാന എന്നീ ദ്വീപുകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ഈ കിടങ്ങിന് ശരാശരി 69 കി.മീ. വീതിയുണ്ട്. ഗ്വാം ദ്വീപിന്റെ തെക്കുകിഴക്ക് മുതൽ മരിയാനദ്വീപുകളുടെ വടക്കു പടിഞ്ഞാറുവരെ 2550 കി.മീ. നീളത്തിൽ ഈ കിടങ്ങ് വ്യാപിച്ചു കിടക്കുന്നു. ഈ കിടങ്ങിലെ ഏറ്റവും ആഴമേറിയ കേന്ദ്രമാണ്ചലഞ്ചർ ഡീപ്പ്.
മനുഷ്യനിയന്ത്രിത അന്തർവാഹിനി പേടകത്തിൽ കിടങ്ങിൽ എത്തിയിട്ടൂള്ളവർ മൂന്നു പേർ മാത്രമാണ്. ബാത്തിസ്ക്കേഫ് പേടകത്തിൽ അതിന്റെ നിർമ്മാതാവും സമുദ്രശാസ്ത്ര വിദഗ്ദ്ധനുമായ ജാക്കേ പിക്കാർഡ്, അമേരിക്കൻ നാവികസേനാംഗമായ ഡോൺ വാഷ് എന്നിവർ 1960 ജനുവരി 23നായിരുന്നു ചലഞ്ചർ ഡീപ്പിൽ എത്തിയത്. 2012 മാർച്ച് 26നാണ് സംവിധായകനായ ജെയിംസ് കാമറൂൺ ഡീപ്പ്സീ ചലഞ്ചർ എന്ന ജലാന്തർ വാഹനത്തിൽ അവിടെ എത്തിയത്. ഈ ഗവേഷണ പര്യടനം നാഷ്ണൽ ജോഗ്രഫിക് ഫൗണ്ടേഷന്റെയും റോളക്സിന്റെയുംപങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.